ആലുവ: ആലുവയിൽ നടന്ന വിവിധ വാഹനാപകടങ്ങളിൽ എട്ടുവയസുകാരൻ ഉൾപ്പെടെ ആറു പേർക്ക് പരിക്ക്. സ്കൂട്ടറിൽ ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മാളികം പീടിക ഫ്ലോറ ഗാർഡനിൽ അലിയുടെ ഭാര്യ മുഹ്സിന, കൂടെ യാത്ര ചെയ്തിരുന്ന എട്ടു വയസുകാരൻ മകൻ സിദാൻ എന്നിവർക്കാണ് പരിക്കേറ്റത്. വെളിയത്തുനാട്ടിലായിരുന്നു അപകടം.
കയന്റിക്കരയിൽ റോഡിന് കുറുകെ കെട്ടിയിരുന്ന കേബിൾ പൊട്ടിവീണ് സ്കൂട്ടറിൽ ചുറ്റിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരിയായ ഏലൂക്കര തച്ചവള്ളത്ത് വീട്ടിൽ ഷറഫിന്റെ ഭാര്യ സുൽത്താന പർവിനും പരിക്കേറ്റു.
കുന്നുംപുറത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിമുട്ടി സ്കൂട്ടർ യാത്രികനായ ചാലക്കുടി ചക്കാലംമട്ടത്ത് പള്ളം വീട്ടിൽ ഡേവിസിന്റെ മകൻ അക്ഷയ്, ആലുവ സിവിൽ സ്റ്റേഷനു സമീപം ബൈക്കും കാറും കൂട്ടിമുട്ടി ബൈക്ക് യാത്രികനായ മാഞ്ഞാലി കളപ്പറമ്പ് വീട്ടിൽ ഷംസുദീന്റെ മകൻ റംഷാദ്, തായിക്കാട്ടുകരയിൽ ഇരുചക്ര വാഹനം മറിഞ്ഞ് പട്ടേരിപ്പുറം വട്ടേക്കുന്നത് വീട്ടിൽ ചന്ദ്രന്റെ മകൻ രാജൻ എന്നിവർക്കും പരിക്കേറ്റു.പരിക്കേറ്റ എല്ലാവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.